ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഇന്നന്റെയുള്ളില്‍ എരിയുവാനൊരുതുള്ളി എണ്ണയില്ല ഊതിക്കെടുത്തിയ കരുന്തിരി ശാപഭസ്മമായി മാറിലണിഞ്ഞു ക്ലാവു പിടിച്ച ദേഹവുമായി കാണാമറയത്തിരിക്കുന്നു ഞാനൊരു പാവം മണ്ണെണ്ണവിളക്കു....

                             മണ്ണെണ്ണവിളക്കു


ഒരു തുടം മണ്ണെണ്ണ
ഒഴിച്ചെന്റെയുള്ളില്‍
ഒരു തുണിത്തുണ്ടതില്‍
തിരിയായി തെറുത്തിട്ടു
കൊളുത്തുന്ന തീയില്‍
എരിഞ്ഞു വെളിച്ചം നല്‍കും
ഞാനൊരു
പാവം മണ്ണെണ്ണ വിളക്കു....!

തേച്ചു മിനുക്കിയെടുത്തെന്നെ
നോക്കിയാല്‍ 
മങ്ങിയ ഓര്‍മ്മകളെ 
മിന്നിത്തിളക്കി പൊന്‍വിളക്കായി
തെളിയും ഞാനൊരു
പാവം മണ്ണെണ്ണവിളക്കു .....!

എത്ര കാലം എരിഞ്ഞു ഞാന്‍
കൂരിരുട്ടില്‍ കൂട്ടായി വെളിച്ചം നല്‍കി
വെച്ചു വിളമ്പി ഉണ്ണുവാന്‍ കാവലിരുന്നു
വറ്റുന്ന എണ്ണയുടെ വയറിലൊരു
എരിയുന്ന തിരിയുമായി
തെളിയും ഞാനൊരു
പാവം മണ്ണെണ്ണ വിളക്കു....!

എത്ര മണിയറകളില്‍ 
പണ്ടെന്റെ വെളിച്ചത്തില്‍
നഗ്നമേനികള്‍ ഒത്തുചേര്‍ന്നാടിയ
പാവക്കൂത്തുകള്‍ കണ്ടു
നാണിച്ചു വറ്റിയ എണ്ണയില്‍ 
കരിഞ്ഞു കണ്ണു പൊത്തിയ 
ഞാനൊരു
പാവം മണ്ണെണ്ണ വിളക്കു.....!

പണ്ടൊക്കെ രാവിലാടുന്ന
കാമ കേളിയിലുണ്ടാകുന്ന
ലഞ്ജയില്‍ പൊതിഞ്ഞ 
മുഖങ്ങള്‍ കാണാന്‍ നാണിച്ചു
എരിയുന്ന തിരിനാളം 
ഊതിക്കടുത്തുമ്പോള്‍ 
വിതുമ്പലായി മിഴികളടച്ചു
ഇരുട്ടാക്കും ഞാനൊരു
പാവം മണ്ണെണ്ണ വിളക്കു....!

കൂരിരുട്ടില്‍ വഴികാട്ടിയായി 
കയ്യില്‍ തെളിഞ്ഞു വെളിച്ചമായി
എരിഞ്ഞു തെളിഞ്ഞോരെന്റെ
അരണ്ട വെളിച്ചത്തില്‍ 
അഭ്യസിച്ചവിദ്യയില്‍ 
നേടിയ വെളിച്ചത്തില്‍
പലരും ഓര്‍ക്കാതെ പോയ 
ഞാനൊരു
പാവം മണ്ണെണ്ണവിളക്കു....!

ഇന്നന്റെയുള്ളില്‍ 
എരിയുവാനൊരുതുള്ളി
എണ്ണയില്ല
ഊതിക്കെടുത്തിയ കരുന്തിരി 
ശാപഭസ്മമായി മാറിലണിഞ്ഞു
ക്ലാവു പിടിച്ച ദേഹവുമായി
കാണാമറയത്തിരിക്കുന്നു
ഞാനൊരു 
പാവം മണ്ണെണ്ണവിളക്കു....!
  
                                         ഷിബു.എസ്സ്.ജി
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ